05:24am 04 October 2026
NEWS
നമ്മുടെ മുൻമന്ത്രിമാരെല്ലാം കാശിക്കുപോയോ? പ്രതിപക്ഷധർമ്മം പാളിപ്പോകുന്നുവോ?
03/10/2026  03:46 PM IST
ചെറുകര സണ്ണീലൂക്കോസ്
നമ്മുടെ മുൻമന്ത്രിമാരെല്ലാം  കാശിക്കുപോയോ? പ്രതിപക്ഷധർമ്മം പാളിപ്പോകുന്നുവോ?

ജനാധിപത്യ ഭരണസംവിധാനത്തിൽ പ്രതിപക്ഷത്തിന്റെ പങ്ക് നിർണ്ണായകമാണ്. 'ജനാധിപത്യം എന്നത് കേവലം ഒരു ഭരണരൂപം മാത്രമല്ല. അത് അടിസ്ഥാനപരമായി പരസ്പരബഹുമാനത്തോടെയും ആദരവോടെയും ജീവിക്കുന്ന ഒരു സമൂഹമാണ്. അവിടെ പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കാൻ ഭരണകൂടം ബാധ്യസ്ഥരാണ്' എന്ന് പറഞ്ഞിട്ടുള്ളത് നമ്മുടെ ഭരണഘടനയുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയ ഡോ. ബി.ആർ. അംബേദ്കറാണ്.

എന്നാൽ ജവഹർലാൽ നെഹ്‌റുവിനെപ്പോലെ പ്രതിപക്ഷത്തെ ബഹുമാനിച്ചിരുന്ന ഭരണാധികാരികൾ ഇന്ന് ഓർമ്മ മാത്രമാണ്. നെഹ്‌റു അന്ന് 'എനിക്ക് ശക്തവും ജാഗ്രതയുള്ളതുമായ ഒരു പ്രതിപക്ഷത്തേയാണ് ആവശ്യം. അല്ലാതെ എപ്പോഴും 'ശരി' എന്ന് മാത്രം പറയുന്ന ഒന്നിനെയല്ലാ' എന്നുപറയുകമാത്രമല്ല പ്രവർത്തിച്ചുകാണിക്കുകയും ചെയ്തു. എന്നാൽ 'പ്രതിപക്ഷത്തിന്റെ ചുമതല എന്നത് ഭരണപക്ഷത്തെ എതിർക്കുക എന്നത് മാത്രമല്ല, കൂടുതൽ മികച്ച ബദലുകൾ ജനങ്ങൾക്ക് മുന്നിൽ വയ്ക്കുക എന്നതുകൂടിയാണെ'ന്ന് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞിട്ടുള്ളതും ഈ കാലത്ത് ഏറെ പ്രസക്തമാണ്.

ചുരുക്കത്തിൽ വിഷയങ്ങളിൽ വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ജീവൻ. പ്രതിപക്ഷത്തുള്ളവരിൽ പുതിയ മന്ത്രിമാരെയും സർക്കാരിനെയും തിരുത്തുന്നതിലും കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതിലും വളരെ നിർണ്ണായകപങ്ക് വഹിക്കാൻ കഴിയുന്നത് മുമ്പ് ഭരണത്തിന്റെ ഭാഗമായി മന്ത്രിമാരായി പ്രവർത്തിച്ച് അനുഭവസമ്പത്തുള്ളവർക്കാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരിക്കൽ മന്ത്രിമാരായിരുന്നവർക്ക് ഭരണസംവിധാനത്തിന്റെ പ്രവർത്തനരീതി, ചട്ടങ്ങൾ, ഫയൽ നീക്കങ്ങൾ എന്നിവയെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടാകും. പ്രത്യേകിച്ചും അവർ ചുമതല വഹിച്ചിരുന്ന വകുപ്പുകളെക്കുറിച്ച്. അതിനാൽ പുതിയ മന്ത്രിമാർ വരുത്തുന്ന ഭരണപരമായ വീഴ്ചകളും അപാകതകളും ഉണ്ടെങ്കിൽ എളുപ്പത്തിൽ മനസ്സിലാക്കാൻ അവർക്ക് കഴിയും.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ വെറും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം കൃത്യമായ വിവരങ്ങളുടെയും മുൻകാല അനുഭവങ്ങളുടെയും വെളിച്ചത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ മുമ്പ് മന്ത്രിമാരായിരുന്നവർക്ക് സാധിക്കും. പുതിയ സർക്കാർ കൊണ്ടുവരുന്ന ബില്ലുകളിലോ, നയപരമായ തീരുമാനങ്ങളിലോ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കാനും ഇവർക്ക് സാധിക്കും. തങ്ങളുടെ കീഴിൽ പ്രവർത്തിച്ചിരുന്ന വകുപ്പുകളിലെ ഫണ്ട് വിനിയോഗം- പ്രശ്‌നങ്ങൾ, പദ്ധതികളുടെ പുരോഗതി ഇവയൊക്കെ അറിയാമായിരുന്ന മുൻ മന്ത്രിമാർക്ക് വീണ്ടും നിയമസഭാ അംഗമായെങ്കിലും ഇല്ലെങ്കിലും പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇതേ വകുപ്പിന്റെ പുതിയ പ്രവർത്തനത്തെക്കുറിച്ച് വ്യക്തതയുള്ള ഓഡിറ്റിംഗ് നടത്തുവാൻ സാധിക്കും.

ഇത്തരത്തിൽ ഭരണത്തിൽ പുതിയ മന്ത്രിമാരെയും സർക്കാരിനെയും തിരുത്തുന്നതിലും കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതിലും നിലവിൽ പ്രതിപക്ഷത്തുള്ള മുൻമന്ത്രിമാർക്ക് സാധിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാൽ പ്രഥമദൃഷ്ട്യാ നിരാശാജനകമായിരിക്കും മറുപടി. ഏതെങ്കിലും വിഷയത്തിന്റെ യഥാർത്ഥ വസ്തുത മനസ്സിലാക്കാതെ കേട്ടപാതി കേൾക്കാത്ത പാതി മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ വ്യക്തിപരമായി അധിക്ഷേപിക്കുന്നതോ സ്വഭാവഹത്യ നടത്തുന്നതോ അല്ല അവരിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന പ്രതിപക്ഷ ധർമ്മം.
അവർ ഗവൺമെന്റിന്റെ പരാജയങ്ങൾ ചൂണ്ടിക്കാണിക്കണം. സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളും ഭരണപരമായ തീരുമാനങ്ങളും സുതാര്യമാണെന്ന് ഉറപ്പാക്കാൻ സമ്മർദ്ദം ചെലുത്താൻ കഴിയണം. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉന്നയിക്കാനും സർക്കാരിനെക്കൊണ്ട് അവയ്ക്ക് പരിഹാരം ഉണ്ടാക്കാനും നിർബന്ധം ചെലുത്തുകയും വേണം.

ഈ ജനാധിപത്യ പ്രക്രിയ കേരളത്തിൽ കാണാനേ കഴിയുന്നില്ലെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാകും എന്ന് തോന്നുന്നില്ല. ഭരണത്തലവന്റെ വിശ്വാസ്യതയും പ്രതിച്ഛായയും നഷ്ടപ്പെടുത്തുന്നതിന് ഏതറ്റംവരെയും പോകുന്ന ചില മുൻമന്ത്രിമാരെ മാത്രമാണ് നിലവിൽ പ്രതിപക്ഷത്ത് കാണുന്നത്.

രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്ന മിക്കവാറും പേരുടെ ആജീവനാന്ത സ്വപ്നം ഒരിക്കലെങ്കിലും മന്ത്രിയാകുക എന്നതാണ്. മന്ത്രിയെന്ന നിലയിൽ ഒരാൾക്ക് ലഭിക്കുന്ന അധികാരത്തിന്റെ പദവിയും സുഖസൗകര്യങ്ങളും അത്രമേൽ വലുതാണ്. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന നിരവധി ആനുകൂല്യങ്ങളും പ്രത്യേക അവകാശങ്ങളും അവർക്ക് ലഭിക്കുന്നുണ്ട്. ഔദ്യോഗിക ചടങ്ങുകളിലും പൊതുപരിപാടികളിലും പ്രോട്ടോക്കോൾ പ്രകാരം ഉയർന്ന മുൻഗണനയും ബഹുമാനവും ലഭിക്കുന്നു. ഐ.എ.എസുകാരുൾപ്പെടെ വലിയൊരു ഉദ്യോഗസ്ഥ വ്യൂഹത്തെ നിയന്ത്രിക്കാനും നിർദ്ദേശങ്ങൾ നൽകാനുമുള്ള അധികാരം ലഭിക്കുന്നു.

പൂർണ്ണമായും ഫർണിഷ് ചെയ്ത സൗജന്യതാമസസൗകര്യമുള്ള വലിയ ഔദ്യോഗിക ബംഗ്ലാവ്, ബോർഡും, ഫ്‌ളാഗും വെച്ച ഔദ്യോഗികവാഹനം, പ്രൈവറ്റ് സെക്രട്ടറി മുതൽ പി.എ വരെയുള്ള 20 പേരിൽ കുറയാത്ത പേഴ്‌സണൽ സ്റ്റാഫ്, സൗജന്യയാത്രാസൗകര്യം, സൗജന്യചികിത്സ, ഉയർന്ന ശമ്പളവും, അലവൻസുകളും തുടങ്ങി ഒരു മന്ത്രിയെന്ന  നിലയിൽ ലഭിക്കുന്ന ഉയർന്ന അധികാരവും പദവിയും മന്ത്രിയാകുന്ന വ്യക്തിക്ക് വലിയ തോതിലുള്ള മാനസിക സുഖവും സംതൃപ്തിയും നൽകാറുണ്ടെന്നത് മനശ്ശാസ്ത്രപരമായ ഒരു യാഥാർത്ഥ്യമാണ്.

അധികാരമുള്ളവർക്ക്, സുഖസൗകര്യങ്ങൾ ഒരുക്കി നൽകാൻ സ്ഥാപിത താൽപ്പര്യക്കാർ എപ്പോഴും മുന്നിലുണ്ടാകും. ഭാവിയിൽ തങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കോ വ്യക്തിപരമായ കാര്യങ്ങൾക്കോ വേണ്ടി അധികാരികളുടെ സ്വാധീനം ഇത്തരക്കാർ ഉപയോഗപ്പെടുത്തും. മാത്രമല്ല അധികാരത്തിന്റെ തണലിൽ നിൽക്കുന്നത് സമൂഹത്തിൽ തങ്ങൾക്കുള്ള പദവിയും സുരക്ഷിതത്വവും വർദ്ധിപ്പിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. ഇത് പലപ്പോഴും അഴിമതി നടക്കുന്നതിന് കാരണമാകുന്നു. ഈ പ്രവണതയെ പ്രതിപക്ഷത്തിരിക്കുമ്പോൾ വിമർശിക്കുന്നവർ ഭരണത്തിലെത്തുമ്പോൾ പിന്തുടരുന്നു എന്നുള്ളതാണ് ജനങ്ങളിൽ നിരാശയുളവാക്കുന്നത്.

മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മിക്ക നേതാക്കളും പ്രതിപക്ഷ പ്രവർത്തനങ്ങളിൽ നിർജീവമാകുന്നതും മുൻനിരയിൽ നിന്നു പിൻവാങ്ങുന്നതും കേരളം പോലെ ഉയർന്ന ജനാധിപത്യ ബോധമുള്ള സംസ്ഥാനത്തുപോലും ദൃശ്യമാണ്. മന്ത്രിയായിരിക്കുമ്പോൾ ലഭിക്കുന്ന അധികാരവും സൗകര്യങ്ങളും പെട്ടെന്ന് ഇല്ലാതാകുന്നത് പല നേതാക്കളെയും മാനസികമായി ബാധിക്കുന്നു എന്നതാണ് ഇതിനുള്ള പ്രധാന കാരണം. പ്രതിപക്ഷത്തിരുന്ന് കേവലം ഒരു എം.എൽ.എ അല്ലെങ്കിൽ മത്സരിച്ചുതോറ്റ പാർട്ടി നേതാവ് മാത്രമായി പ്രവർത്തിക്കുമ്പോൾ മുമ്പ് ലഭിച്ചിരുന്ന പ്രാധാന്യം കിട്ടാതെ വരുന്നത് അവരെ നിഷ്‌ക്രിയരാക്കുന്നു. മറ്റൊന്ന് അധികാരമില്ലാതാകുന്നതോടെ അണികളുടെയും പ്രാദേശി നേതാക്കളുടെയും പിന്തുണയിൽ കുറവുണ്ടാകുന്നതാണ്. അതും പിന്നോട്ടടിക്ക് കാരണമാകും.

ഏറ്റവും ഒടുവിലത്തെ മുൻ മന്ത്രിസഭ 2021-2026 ലെ രണ്ടാം പിണറായി സർക്കാരാണ്. മുഖ്യമന്ത്രി, പിണറായി വിജയൻ(ആഭ്യന്തരം, വിജിലൻസ്, പൊതുഭരണം, വിവരസാങ്കേതിക വിദ്യ(ഐ.ടി), ആസൂത്രണവും സാമ്പത്തികകാര്യവും, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി), കെ. രാജൻ(റവന്യു, ഭവനനിർമ്മാണം), പി. രാജീവ്(വ്യവസായം, നിയമം, കയർ, സാമൂഹിക നീതി), വി. ശിവൻകുട്ടി(പൊതുവിദ്യാഭ്യാസം), ആർ.ബിന്ദു(ഉന്നത വിദ്യാഭ്യാസം), പി.എ. മുഹമ്മദ് റിയാസ്(പൊതുമരാമത്ത്, ടൂറിസം), വീണാജോർജ്ജ്(ആരോഗ്യം, വനിതാശിശുവികസനം), സജിചെറിയാൻ   (ഫിഷറീസ്, സാംസ്‌ക്കാരികം, സിനിമ), പി. പ്രസാദ്  (കൃഷി), ജെ. ചിഞ്ചുറാണി(മൃഗസംരക്ഷണം, ക്ഷീരസംരക്ഷണം), റോഷി അഗസ്റ്റിൻ(ജലവിഭവം), കെ. കൃഷ്ണൻകുട്ടി(വൈദ്യുതി), എ.കെ. ശശീന്ദ്രൻ(വനം-വന്യജീവി സംരക്ഷണം), ജി.ആർ. അനിൽ(ഭക്ഷ്യവും പൊതുവിതരണവും), വി.അബ്ദുറഹ്മാൻ(കായികം, വഖഫ് ന്യൂനപക്ഷ ക്ഷേമം), വി.എൻ. വാസവൻ(സഹകരണം, രജിസ്‌ട്രേഷൻ, ദേവസ്വം), എം.ബി. രാജേഷ്(എക്‌സൈസ്, തദ്ദേശ സ്വയംഭരണം).

കെ. രാധാകൃഷ്ണൻ 2024 ജൂൺ വരെയും(പട്ടികജാതി- പട്ടികവർഗ്ഗ-വികസനം- പിന്നോക്ക വിഭാഗക്ഷേമം, പാർലമെന്ററി കാര്യങ്ങൾ) മന്ത്രിയായിരുന്നു. തുടർന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമമന്ത്രിയായിരുന്നത് ഒ.ആർ. കേളുവാണ്. ആന്റണി രാജുവും കെ.ബി. ഗണേഷ്‌കുമാറും ഗതാഗത വകുപ്പുമന്ത്രിമാരായിരുന്നു.(ഡിസംബർ 2023 വരെ ആന്റണി രാജുവും ശേഷം ഗണേഷ്‌കുമാറും).
സത്യത്തിൽ ഈ മുൻമന്ത്രിമാരിൽ പലരും ഇന്ന് പൊതുരംഗത്ത് ഉണ്ടോ എന്നുപോലും സാധാരണ ജനങ്ങൾ സംശയിച്ചുപോകും. അത്രമേൽ പലരും നിശ്ശബ്ദരാണ്. അവർ അടുത്തറിഞ്ഞ, അവർ കൈകാര്യം ചെയ്ത വകുപ്പുകളിലെ ഭരണനിർവ്വഹണം എങ്ങനെ നടക്കുന്നു, എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടോ എന്നതൊന്നും അവരുടെയാരുടെയും ആലോചനാവിഷയമേയല്ലെന്നാണ് ഇതുവരെയുള്ള മുൻമന്ത്രിമാരുടെ അഭിപ്രായപ്രകടനങ്ങൾ വ്യക്തമാക്കുന്നത്. കഷ്ടിച്ച് രണ്ടോ മൂന്നോ മുൻമന്ത്രിമാർ മാത്രമാണ് തങ്ങളറിയുന്ന വകുപ്പിലെ പുതിയ ഭരണത്തെ വിലയിരുത്തി അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളത്.

രണ്ടാം പിണറായി മന്ത്രിസഭയിലെ 19 മന്ത്രിമാരിൽ 13 പേരും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. മന്ത്രിമാരായ വി.എൻ. വാസവൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, പി. രാജീവ്, ആർ. ബിന്ദു, വീണജോർജ്ജ്, ഒ.ആർ. കേളു, ജെ. ചിഞ്ചുറാണി, വി.അബ്ദുറഹ്മാൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ എന്നിവരാണ് പരാജയപ്പെട്ടത്. പരാജയമടഞ്ഞെങ്കിലും ഇവരെല്ലാം പാർട്ടിയുടെ ഉത്തരവാദപ്പെട്ട സമിതികളിൽ അംഗങ്ങളായ നേതാക്കളാണ്. സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളവരുമല്ലാ.

സംസ്ഥാനഭരണത്തിന്റെ കാര്യക്ഷമതയെ വിലയിരുത്താനും പോരായ്മകളുണ്ടെങ്കിൽ തുറന്നുകാട്ടാനും ചോദ്യം ചെയ്യാനും സാധിക്കുന്നവരെന്ന നിലയിൽ മുമ്പ് അധികാരത്തിലിരുന്നവർ അതിന് തയ്യാറാക്കുമ്പോൾ മാത്രമാണ് അവർ യഥാർത്ഥത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ളവരാകുന്നത്. അല്ലെങ്കിൽ അവരെയൊന്നും അധികാരം നഷ്ടപ്പെട്ടതിന്റെ നിരാശ വിട്ടൊഴിഞ്ഞിട്ടില്ല എന്ന് കരുതേണ്ടിവരും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img